Monday, October 5, 2015

അന്ത കാലം ... :(

അന്ത കാലം ... :(

കുഞ്ഞു വാവ ഇപ്പോൾ ഉറങ്ങാൻ കിടന്നതേ ഉള്ളൂ. നിങ്ങൾക്കറിയോ  അവന്റെ നെറ്റി നിങ്ങളുടേത് പോലെ തന്നെയാണ്, നമ്മുടെ മക്കളിൽ ആർക്കും കിട്ടാതിരുന്ന ആ എടുപ്പും, പിന്നെ ആ മുഖത്തെ  ഗാംഭീര്യവും ഇവനു അതു പോലെ കിട്ടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ മുറിച്ച മുറി തന്നെ. ഭയങ്കര കുസൃതിക്കാരനാ ഇപ്പഴേ.., ഞാൻ കുളിപ്പിച്ച് കഴിയുമ്പോഴേക്കും എന്നെ അവൻ കുളിപ്പിച്ചിരിക്കും. എന്താ ചെയ്യ്വ?... എന്നാലും, എന്റെ സങ്കടം അതല്ല, കുഞ്ഞാവയെ നിങ്ങൾക്കൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നാ?, ഇനി കാണാൻ കഴിയുമോ? എന്തോ എനിക്ക് അറിയില്ല. അവരോട് ഇതിനെ പറ്റി പറയാൻ കൂടി പറ്റാറില്ല.  നമ്മുടെ കൊച്ചു മോളോടും അവളുട്െകെട്ട്യോനേയും  നന്നായൊന്ന് കാണുന്നത് തന്നെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ്. നിങ്ങൾക്കറിയോ, അവൾ പ്രസവിച്ച് എട്ടാം നാൾ തന്നെ വീണ്ടും ജോലിക്കു പോയിത്തുടങ്ങി.  എന്തു പറയാനാ? അവൾ പറഞ്ഞത് ഇവിടെ കിടന്നാൽ അവളുടെ ജോലി നഷ്ടപ്പെട്ടു പോവൂന്ന്. അവൻ എതിരൊന്നും പറയാത്തത് കൊണ്ട് ഞാനും ഒന്നും പറഞ്ഞില്ല.

ശരിക്കും പറഞ്ഞാൽ മടുത്തു ഇവിടെ, ചുറ്റും കെട്ടിങ്ങൾ മാത്രം, ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കിയാൽ  വളരെ വേഗത്തിൽ പോവുന്ന വാഹനങ്ങളും അതിലും വേഗത്തിൽ പായുന്ന ജനങ്ങളും. നിങ്ങക്കറിയോ നാലു ദിവസമായി ഞാൻ വേറൊരു മനുഷ്യ ജീവിയോട്  നേരേ ചൊവ്വേ ഒന്ന് മിണ്ടിയിട്ട്.  ഇവിടെ ഒരു  ഉമ്മാറമില്ല, കിണറില്ല, ഒരു പശുവോ ആട്ടിൻ കുട്ടിയോ ഇല്ല. എന്തിന് ഒരു കാക്ക കൂടി കരയുന്നില്ല ഇവിടെ. വല്ലാത്ത വിമ്മിഷ്ടം തന്നെ. എത്ര നേരാന്ന് വെച്ചിട്ടാ ഈ ടീവീടെ മുൻപിലിങ്ങനെ ഇരിക്ക്വാ?. അന്ന് നിങ്ങൾ വാർത്ത കാണാൻ വേണ്ടി റിമോട്ടിനു വേണ്ടി വഴക്കു പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇപ്പം അതോർത്ത് ഞാൻ  വല്ലാതെ സങ്കടപ്പെടുന്നുണ്ട് കേട്ടോ? അല്ലാ.., പിന്നേ ഞാൻ ചോദിക്കാൻ മറന്നു, പ്രഷറിന്റെ ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ടല്ലോ, അല്ലേ?. പിന്നേ.. മേലേ പറമ്പിൽ തേങ്ങയിടീക്കാൻ നിങ്ങള് പോവണ്ട കേട്ടോ, അവിടെ മുഴുവനും വയുക്കൽ ആയിരിക്കും., എന്തെങ്കിലും വന്നാൽ ആരുണ്ട് ഇത്തിരി ചൂടുവെള്ളം വെച്ച് തരാൻ അവിടെ.

 എന്റെ  ശ്വാസം മുട്ടിന്റെ അസുഖം വീണ്ടും തുടങ്ങിയിട്ടുണ്ട്, പോരാത്തതിന് അടുത്ത മാസം മുതൽ ഇവിടെ തണുപ്പ് തുടങ്ങാൻ പോവുകയാണ് പോലും. രണ്ട് മകരമാസം ഒരുമിച്ച് വന്നപോലെ ആയിരിക്കും ഇവിടുത്തെ തണുപ്പെന്ന് ആരോ പറഞ്ഞതായി ഓർമ്മയുണ്ട്.  അതുകൊണ്ട്,  അതിനു മുൻപ് തന്നെ എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ നിങ്ങള് അവനോട്  പറയണം, അല്ലെങ്കിൽ വേണ്ട നിങ്ങള്  തന്നെ ഒരു ടിക്കെറ്റെടുത്ത്  അവന് അയച്ച് കൊടുക്ക്, അതായിരിക്കും കുറച്ച് കൂടി നല്ലത്, അവരെ അധികം ബുദ്ധിമുട്ടിക്കേണ്ടല്ലോ.

‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------------------------------------------------- നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമന്റായി തന്നാൽ ഞാൻ ധന്യനായി

4 comments :

  1. അവരെ അധികം ബുദ്ധിമുട്ടിക്കരുത്!!
    എന്തൊരു സ്നേഹവും കരുതലും!!!

    ReplyDelete
  2. വെല്ല്യച്ഛനു ഫ്രീ വേലക്കാരിയാകാൻ കഴിയില്ലല്ലോ!!!!!

    നല്ല
    ആശംസകൾ!!

    ReplyDelete
  3. അവരെ അധികം ബുദ്ധിമുട്ടിക്കേണ്ടല്ലോ. :)

    ReplyDelete
  4. പിന്നെയെന്നാ എഴുതാത്തത്‌????

    ReplyDelete